06:53pm 07 November 2026
NEWS
ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിൽ നഴ്സിങ് വിദ്യാർത്ഥിനിയും സുഹൃത്തും അറസ്റ്റിൽ


13/09/2026  09:00 PM IST
nila
ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിൽ നഴ്സിങ് വിദ്യാർത്ഥിനിയും സുഹൃത്തും അറസ്റ്റിൽ

കോഴിക്കോട്: പന്തീരാങ്കാവിൽ ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. ഡൽഹി–കേരള ലഹരിക്കടത്ത് ശൃംഖലയിലെ കണ്ണികളെന്ന് സംശയിക്കുന്ന മലപ്പുറം സ്വദേശിയായ യുവാവിനെയും തിരുവനന്തപുരം സ്വദേശിനിയായ നഴ്‌സിങ് വിദ്യാർഥിനിയെയും പൊലീസ് നോയിഡയിൽനിന്ന് പിടികൂടി.

മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി പി. സൂര്യ (23) എന്നിവരാണ് പിടിയിലായത്. നോയിഡയിലെ ആഡംബര ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

മേയ് ഒൻപതിനാണ് കേസിന്റെ തുടക്കം. പന്തീരാങ്കാവ് കാപ്കോൺ സിറ്റിക്ക് സമീപത്തെ സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന് ഒരു കിലോ എംഡിഎംഎ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് അർശലാൽ (25), ആദിൽഷാ (20), മുഹമ്മദ് ഫർഹാൻ (22) എന്നിവർ അറസ്റ്റിലായിരുന്നു.

ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ലഹരിമരുന്നിന്റെ ഉറവിടം ഡൽഹിയാണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. തുടർന്ന് ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നോയിഡയിലെ ആഡംബര ഫ്ലാറ്റിലേക്ക് പൊലീസിനെ എത്തിച്ചത്.

ഫ്ലാറ്റിൽ കണ്ടെടുത്തത് ലഹരി ഇടപാടുകളുടെ വൻ തെളിവുകൾ. എംഡിഎംഎ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ സ്കെയിൽ, പാക്കിങ് മെറ്റീരിയലുകൾ, 5000ത്തിലധികം സിപ് ലോക്ക് കവറുകൾ, പാക്കിങ് സീലർ, കറൻസി എണ്ണുന്ന മെഷീൻ, നിരവധി എടിഎം കാർഡുകൾ എന്നിവ ഉൾപ്പെടെയുള്ള സാധനങ്ങളാണ് പരിശോധനയിൽ പിടിച്ചെടുത്തത്.

ഫ്ലാറ്റ് സൂര്യയുടെ പേരിലുള്ളതാണെന്ന് പൊലീസ് പറഞ്ഞു. ഇവിടെനിന്ന് ഓരോ ആഴ്ചയും പത്ത് കിലോയിൽ അധികം എംഡിഎംഎ പാക്ക് ചെയ്ത് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും എത്തിച്ചിരുന്നതായാണ് ചോദ്യം ചെയ്യലിൽ വ്യക്തമായതെന്നാണ് പൊലീസ് പറയുന്നത്.

പഴയ കാറുകൾ വാങ്ങി; അതിനുള്ളിൽ ഒളിപ്പിച്ച് ലഹരി കേരളത്തിലെത്തിച്ചു. ഡൽഹിയിൽനിന്ന് പഴയ കാറുകൾ വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്ന സമയത്ത് വാഹനങ്ങളിൽ രഹസ്യമായി ലഹരിമരുന്ന് കയറ്റിയാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്തിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

മലപ്പുറം ജില്ലയിൽ കഴിഞ്ഞ മാസം പിടികൂടിയ 13 കിലോ എംഡിഎംഎയും ഇവർ നൽകിയതാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ മാത്രം അഞ്ച് കോടിയിലധികം രൂപയുടെ ഇടപാടുകൾ നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

അജ്മലിനെതിരെ മലപ്പുറം ജില്ലയിൽ നേരത്തെയും കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി.

പന്തീരാങ്കാവ് ഇൻസ്പെക്ടർ എ. നിതിൻ, എസ്ഐ അർജുൻ അജിത്, ഫറോക്ക് എസിപി സ്ക്വാഡ് അംഗങ്ങളായ സബീഷ്, അഖിൽ ബാബു, ഡാൻസാഫ് അംഗങ്ങളായ അതുൽ, ലതീഷ്, നല്ലളം പൊലീസ് സ്റ്റേഷനിലെ ഷമാന എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img